'പാട്രിയറ്റിന്റെ' സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി; ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും
മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'പാട്രിയറ്റിന്റെ' സെറ്റിൽ പുതുവർഷാഘോഷം. കൊച്ചിയിലെ ലൊക്കേഷനിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ അണിയറ പ്രവർത്തകർ പങ്കുചേർന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം നയൻതാര, രേവതി തുടങ്ങിയവരും അണിനിരക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ വെല്ലുന്ന രീതിയിൽ ഒരുക്കുന്ന ഈ ചിത്രം വരാനിരിക്കുന്ന വിഷുവിന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മഹേഷ് നാരായണൻ തന്നെ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രം ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് നിർമ്മിക്കുന്നത്.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ് തുടങ്ങി വിവിധ വിദേശ-സ്വദേശ ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ അവസാന ഘട്ട ജോലികളാണ് ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'പാട്രിയറ്റിനുണ്ട്'.