മമ്മൂട്ടിയുടെ 'മേള', നിതീഷ് സഹദേവ് ചിത്രത്തിന്റെ ദീപാവലി സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

 

ദീപാവലി ആശംസകൾക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന നിതീഷ് സഹദേവ് ചിത്രം 'മേള'യുടെ പുതിയ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്. ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്റർ ചിത്രത്തിന്റെ മാസ് എന്റർടെയ്നർ സ്വഭാവത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ കൗതുകവും വർധിപ്പിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ സിനിമ കൂടിയായ 'മേള' 2027-ൽ തിയേറ്ററുകളിലെത്തും.

പോസ്റ്ററിൽ മാസ് ലുക്കിൽ കറുത്ത വേഷത്തിൽ നടുവിലെ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ ചുറ്റി ചിത്രത്തിലെ സഹതാരങ്ങളെയും കാണാം. പോസ്റ്റർ പങ്ക് വെച്ചതിനൊപ്പം പുറത്തുവിട്ട, വിഷ്ണു വിജയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഇപ്പൊൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം എത്തിയ പശ്ചാത്തല സംഗീതം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആയത് പോലെ, പുത്തൻ പോസ്റ്ററിന് ഒപ്പമെത്തിയ പുതിയ പശ്ചാത്തല സംഗീതവും പ്രേക്ഷകർക്കിടയിൽ ഗംഭീര പ്രതികരണം സൃഷ്ടിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ ആക്ഷനും കോമഡിയും മാസ് പ്രകടനങ്ങളും ഒരുമിക്കുന്ന ബിഗ് ബജറ്റ് എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. 'മേള'യുടെ ചിത്രീകരണം ജൂലൈ അവസാനത്തോടെയാണ് ആരംഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതമൊരുക്കുന്നത് വിഷ്ണു വിജയ്. വലിയ കാൻവാസിൽ വമ്പൻ താരനിരയെ അണിനിരത്തിയാണ് നിതീഷ് സഹദേവ് ചിത്രം ഒരുക്കുന്നത്. സംവിധായകനും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

'ഫാലിമി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ നിതീഷ് സഹദേവ്, തുടർന്ന് തമിഴിൽ 'തലൈവർ തമ്പി തലൈമയിൽ' എന്ന വിജയചിത്രവും ഒരുക്കിയിരുന്നു. അതിന് ശേഷം അദ്ദേഹം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമയെന്ന പ്രത്യേകതയും 'മേള'യ്ക്കുണ്ട്. മമ്മൂട്ടി കമ്പനിയുടെ മുൻ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി, കൂടുതൽ വലിയ നിർമ്മാണച്ചെലവിലും വിപുലമായ കാൻവാസിലും ഒരുങ്ങുന്ന പ്രൊജക്ട് ആരാധകർക്കിടയിൽ ഇതിനോടകം വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

'കളങ്കാവൽ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി കമ്പനി 'മേള' നിർമിക്കുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ എട്ട് ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി കമ്പനി ഒരുക്കുന്ന ഒൻപതാമത്തെ നിർമാണ സംരംഭമെന്ന നിലയിലും ചിത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മമ്മൂട്ടിയുടെ പുതിയ മാസ് അവതാരവും നിതീഷ് സഹദേവിന്റെ സംവിധാനവും ഒത്തുചേരുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കഥ, തിരക്കഥ: നിതീഷ് സഹദേവ്, അനുരാജ് ഒ.ബി, പ്രൊജക്റ്റ് ഡിസൈനർ: അഗ്‌നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം: ജിംഷി ഖാലിദ്, എഡിറ്റർ: ബ്ലെസ് തോമസ്, സംഗീതം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ, ആക്ഷൻ: സി.കെ. സ്റ്റണ്ട്‌സ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, സലിം, കോസ്റ്റ്യൂം ഡിസൈൻ: മെൽവി ജെ, അഭിജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് എസ്. പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, വി.എഫ്.എക്‌സ്. സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ആഷിഖ് സലാം, റിത്വിക് ലിമ രാമദാസ്, സ്റ്റിൽസ്: നവിൻ മുരളി, ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്‌സ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണു സുഗതൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.