നാഗ ചൈതന്യയ്ക്കും ശോഭിതയ്ക്കും മംഗള സ്നാനം; വിവാഹ ആഘോഷങ്ങൾ തുടങ്ങി
നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഓഗസ്റ്റിൽ വളരെ അപ്രതീക്ഷിതമായാണ് തങ്ങളുടെ വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇവരുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി, ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. ദമ്പതികളുടെ മംഗള സ്നാനത്തിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേ സമയം ഇരുവരുടെയും വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന കത്ത്, വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക എന്നാണ് വിവരം. അതിനിടെയാണ് കത്തിന്‍റെ ഫോട്ടോ എക്സില്‍ വന്നത്. അതേ സമയം തന്നെ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം വലിയൊരു തുകയ്ക്ക് സ്ട്രീം ചെയ്യാന്‍ നെറ്റ്ഫ്ലിക്സിന് വിറ്റുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. നയന്‍താര അടക്കം വന്‍ താരങ്ങള്‍ ചെയ്ത രീതിയില്‍ തന്നെയാണ് കരാര്‍ എന്നാണ് വിവരം.
നാഗ ചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. നാഗ ചൈതന്യ മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിച്ചിരുന്നു. 2017 ൽ വിവാഹിതരായ അവർ 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിൽ വേർപിരിയൽ പ്രഖ്യാപിച്ചു.