മണി രത്‌നം-വിജയ് സേതുപതി-സായ് പല്ലവി ചിത്രം: 'ഇഞ്ചി വെള്ളം' ; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
വിജയ് സേതുപതിയെയും സായ് പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി മണി രത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ഇഞ്ചി വെള്ളം' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ടൈറ്റിലിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെയും സായ് പല്ലവിയുടെയും കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
'തഗ് ലൈഫ്'ന് ശേഷം മണി രത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2027 ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും. എ.ആർ. റഹ്‌മാനാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അവിക് മുഖോപാധ്യായ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മാണം.വിജയ് സേതുപതിയും സായ് പല്ലവിയും മണി രത്നത്തിന്‍റെ ഒരു റൊമാന്‍റിക് ചിത്രത്തില്‍ ഒരുമിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം. മണി രത്‌നത്തിന്റെ 2018ലെ ചിത്രം 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിൽ വിജയ് സേതുപതി നേരത്തെ അഭിനയിച്ചിട്ടുണ്ട്.