'സിനിമയിലെ ബലാത്സംഗ രംഗങ്ങളെല്ലാം യഥാർത്ഥമാണോ, നടികർ സംഘം അപമാനിക്കുന്നു'; മൻസൂർ അലിഖാൻ

 

തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥം ആണോയെന്നും നടൻ ചോദിച്ചു. തൃഷയേക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും പിന്നെന്തിന് മാപ്പുപറയണമെന്നും അദ്ദേഹം ചോദിച്ചു. നടികർ സംഘം തന്നെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.

സരക്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാൻ താൻ മാപ്പുചോദിക്കില്ലെന്ന് പറഞ്ഞത്. തനിക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് നടികർ സംഘം തന്നോടൊരു വാക്കുപോലും ചോദിച്ചില്ലെന്ന് നടൻ കുറ്റപ്പെടുത്തി. ഒരു സംഘടന നടത്തുന്നവർ ഇങ്ങനെ ചെയ്യാമോയെന്നും അദ്ദേഹം ചോദിക്കുന്നു. വലിയ അഴിമതി നടത്തിയ നടികർ സംഘമാണ് തന്നോട് മാപ്പുപറയാൻ ആവശ്യപ്പെട്ടതെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.

മൻസൂർ അലി ഖാനെ ബലിയാടാക്കിയിട്ട് നല്ല പേരെടുക്കാനാണോ എല്ലാവരുടേയും ശ്രമം ഇതിലെന്താണ് ന്യായം യൂട്യൂബ് ചാനലുകൾ എന്തും ചെയ്‌തോട്ടേ. ജനങ്ങൾക്ക് എന്നെ അറിയാം. സിനിമയിൽ റേപ്പ് സീനുകൾ ചെയ്യുന്നത് യഥാർത്ഥമാണോ ആളുകളെ കൊല്ലുന്ന രംഗമെടുക്കുന്നത് യഥാർത്ഥമാണോ - മൻസൂർ അലി ഖാന്റെ വാക്കുകൾ.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു നടൻ പറഞ്ഞത്.