വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം": മഞ്ജു വാര്യർ
വിവാഹമെന്നത് ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, സ്ത്രീകളെ സംബന്ധിച്ച് ആഗ്രഹങ്ങൾ നിറവേറ്റാൻ സാമ്പത്തിക സ്വാതന്ത്ര്യത്തെ അത്യാവശ്യമാണെന്നും മഞ്ജു വാര്യർ. കേരളം വനിതാ കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' എന്ന ക്യാംപെയ്‌ന്റെ ബ്രാൻഡ് അംബാസിഡാറായാണ് മഞ്ജു സംസാരിച്ചത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നതാ സ്വന്തം തീരുമാനമായിരിക്കണമെന്ന് പെൺകുട്ടികൾ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് മാതാപിതാക്കൾ പിന്തുണ നൽകുന്നത് നല്ല മാറ്റമായി താൻ കാണുന്നുവെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
"വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് പെൺകുട്ടികൾ ഉറച്ചു വിശ്വസിക്കുന്നു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി ഞാൻ കാണുന്നത്. സമൂഹം പോസിറ്റീവ് ആയ രീതിയിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം." മഞ്ജു വാര്യർ പറയുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ആയിരുന്നു മഞ്ജു വാര്യരുടെ അവസാനമിറങ്ങിയ മലയാള ചിത്രം. അതിനിടെ രഞ്ജിത്ത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ആരോ'യിലും മഞ്ജു വാര്യർ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സജീവമായ മഞ്ജു വെട്രിമാരൻ ചിത്രം വിടുതലൈ, ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യൻ എന്നീ ചിത്രങ്ങളും പ്രധാന വേഷത്തിലെത്തിയിരുന്നു. അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനും മഞ്ജു വാര്യർ ഒരുങ്ങുകയാണ്.