'എന്റെ ഡ്രൈവറെ പരിചയപ്പെടൂ'; ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്ത് നടി മീന, വീഡിയോ വൈറൽ

 

മലയാളികളുടെ പ്രിയ നടി മീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ തരംഗമായി മാറുകയാണ്. "സാങ്കേതികവിദ്യയിൽ വിശ്വസിക്കുന്നു, ഈ കാഴ്ച ആസ്വദിക്കുന്നു" എന്ന അടിക്കുറിപ്പോടെ ഡ്രൈവറില്ലാ കാറിൽ (Driverless Car) യാത്ര ചെയ്യുന്ന വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. തന്റെ ഡ്രൈവറെ പരിചയപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് മീന ക്യാമറ ഡ്രൈവിങ് സീറ്റിലേക്ക് തിരിക്കുമ്പോൾ തനിയെ തിരിയുന്ന സ്റ്റിയറിംഗാണ് കാണാൻ സാധിക്കുന്നത്. പോകേണ്ട സ്ഥലത്തേക്കുള്ള മാപ്പ് ഓണാക്കുന്നതും കാർ കൃത്യമായി നീങ്ങുന്നതും വീഡിയോയിലുണ്ട്. എന്നാൽ ഏത് രാജ്യത്ത് വെച്ചാണ് ഈ യാത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് താരത്തിന്റെ ഈ വീഡിയോ എത്തിയിരിക്കുന്നത്. മേയ് 21-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്. 2013-ൽ ആരംഭിച്ച ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗത്തിലും ജോർജുകുട്ടിയുടെ ഭാര്യ റാണിയായി മീന തന്നെയാണ് എത്തുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, മുരളി ഗോപി, സിദ്ദിഖ്, ആശ ശരത് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അനിൽ ജോൺസണാണ് സംഗീതം നൽകുന്നത്. ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം റിലീസിന് തയ്യാറെടുക്കുകയാണ്.