സൗദി ബോക്‌സോഫീസിൽ തരംഗമായി 'മൈക്കിൾ'; റെക്കോർഡുകൾ തകർത്ത് ജാക്‌സൺ ബയോപിക്
പോപ് ഇതിഹാസം മൈക്കിൾ ജാക്‌സന്റെ ജീവിതം പറയുന്ന ഹോളിവുഡ് ചിത്രം 'മൈക്കിൾ' സൗദി അറേബ്യയിൽ സർവകാല റെക്കോർഡുകളോടെ വൻ വിജയത്തിലേക്ക്. റിലീസ് ചെയ്ത് ആറാമത്തെ ആഴ്ചയിലും ബോക്‌സോഫീസിൽ വലിയ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഈ ജൂൺ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം സൗദിയിൽ നിന്ന് മാത്രം ചിത്രം 9.52 മില്യൺ യുഎസ് ഡോളർ (ഏകദേശം 35.7 മില്യൺ സൗദി റിയാൽ) കളക്ഷൻ നേടിക്കഴിഞ്ഞു. അന്റോയിൻ ഫുക്വ സംവിധാനം ചെയ്ത്, മൈക്കിൾ ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്സൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏപ്രിൽ 24-നാണ് സൗദിയിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ 2.38 മില്യൺ ഡോളർ നേടിയ ചിത്രം, തുടർച്ചയായ അഞ്ച് ആഴ്ചകളിൽ സൗദി ബോക്‌സോഫീസിൽ ഒന്നാം സ്ഥാനം നിലനിർത്തി. രണ്ട് ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനകം സൗദിയിൽ ചിത്രം തിയേറ്ററുകളിൽ കണ്ടത്.
2018-ൽ സൗദിയിൽ സിനിമാ തിയേറ്ററുകൾ പുനരാരംഭിച്ചതിന് ശേഷം റിലീസ് ചെയ്ത ഹോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോർഡുകളിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് 'മൈക്കിൾ'. 'ടോപ് ഗൺ മാവെറിക്', 'ദ ബാറ്റ്മാൻ', 'മിനിയൻസ്: ദ റൈസ് ഓഫ് ഗ്രൂ' എന്നീ ചിത്രങ്ങൾക്ക് തൊട്ടുപിന്നിലാണിത്. ഒപ്പം 'ബൊഹീമിയൻ റാപ്സോഡി'യുടെ റെക്കോർഡ് മറികടന്ന് സൗദിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന 'മ്യൂസിക് ബയോഗ്രഫി' എന്ന പദവിയും ചിത്രം സ്വന്തമാക്കി.
ആഗോളതലത്തിലും വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. 857 മില്യൺ ഡോളറിലധികം നേടിക്കൊണ്ട് 2026-ലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയചിത്രമായി 'മൈക്കിൾ' മുന്നേറുകയാണ്. 155 മില്യൺ ഡോളർ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഇതിനകം നിർമാണച്ചെലവിന്റെ 5.5 മടങ്ങിലധികം ലാഭം നേടിക്കഴിഞ്ഞു. 130 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 1960-കളിലെ 'ജാക്സൺ 5' കാലഘട്ടം മുതൽ 1980-കളുടെ അവസാനത്തിലെ പ്രശസ്തമായ 'ബാഡ് വേൾഡ് ടൂർ' വരെയുള്ള മൈക്കിൾ ജാക്‌സന്റെ സംഗീത യാത്രയാണ് അവതരിപ്പിക്കുന്നത്. ജാഫർ ജാക്സന്റെ അഭിനയം വലിയ പ്രശംസ പിടിച്ചുപറ്റി. ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് നിർമാതാക്കളായ ലയൺസ്ഗേറ്റ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ ഒമ്പതിന് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യും.