അത് ഹിറ്റായിരുന്നെങ്കിൽ എംജിആറിൻറെ വേഷത്തിൽ തമിഴ് മക്കൾ എന്നെ എവിടെയെങ്കിലും പ്രതിഷ്ഠിക്കുമായിരുന്നു: മോഹൻലാൽ പറയുന്നു

 

ഇരുവറിൻറെ ചർച്ചയിൽ താൻ മുന്നോട്ടു വച്ച ഒരേയൊരു കാര്യം എംജിആറിൻറെ യാതൊരു മാനറിസങ്ങളും പിന്തുടരില്ല എന്നാണെന്ന് മോഹൻലാൽ. മണിരത്‌നത്തിനും അത് സ്വീകാര്യമായിരുന്നു മോഹൻലാൽ പറഞ്ഞു. 

'എംജിആറിൻറെ സ്വകാര്യജീവിതത്തെക്കുറിച്ച് എനിക്ക് കാര്യമായ അറിവ് ഒന്നുമില്ലായിരുന്നു. അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന തൊപ്പി, കണ്ണട ഒന്നും കഥാപാത്രത്തിനുവേണ്ടി ഞങ്ങൾ ഉപയോഗിച്ചില്ല. പാട്ടുരംഗങ്ങളിലെ ചില ആക്ഷനുകളിൽ മാത്രം അറിഞ്ഞോ അറിയാതെയോ എംജിആർ എന്നിൽ കടന്നുവന്നു. അദ്ദേഹത്തിൻറേറതായി ആകെ ഉപയോഗിച്ചത് ഒരു ഹാൻഡ് കർച്ചീഫ് മാത്രമാണ്.

എന്നിട്ടും എംജിആറിനെ നേരിട്ടറിയുന്നവർക്കെല്ലാം അത് ഫീൽ ചെയ്തു. അഭിനയത്തിൽ എംജിആറിൻറെ ഒരുപാട് മാനറിസങ്ങൾ വന്നിട്ടുള്ളതായി പലർക്കും അനുഭവപ്പെട്ടു. ഓടിക്കയറുന്നതിൽ, തിരിയുന്നതിൽ, കഴുത്തിൽ വെടിയേറ്റ് നടക്കുന്നതിൽ... പലരും അഭിനന്ദനം അറിയിച്ചു. ഇത്രയും താദാത്മ്യം പ്രാപിക്കാൻ എങ്ങനെ കഴിഞ്ഞു എന്ന അവരുടെ ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 

പലപ്പോഴും ഞാൻ  ആലോചിച്ചിട്ടുണ്ട്, ഇരുവർ ഹിറ്റായി മാറിയിരുന്നെങ്കിൽ എം.ജി.ആറിൻറെ വേഷത്തിൽ തമിഴ് മക്കൾ എന്നെ എവിടെയെങ്കിലും പ്രതിഷ്ഠിക്കുമായിരുന്നു എന്ന്. വാനപ്രസ്ഥം സിനിമയുടെ ചർച്ച നടക്കുമ്പോൾ നിർമാതാക്കളായ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധികൾ അതിലെ നടൻറെ ഒരു സിനിമ കാണണമെന്ന് പറഞ്ഞു. കാണിച്ചത് ഇരുവറാണ്. അത് കണ്ട ശേഷമാണ് അവർ ഓക്കെ പറഞ്ഞത്...'