ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ

 

നടൻ മോഹൻലാൽ തന്റെ ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാൾ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി. മോഹൻലാലിന്റെ വിശ്വസ്തനും പ്രമുഖ നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണിയാണ് ഈ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ ഒരു വിഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

സിംഗപ്പൂരിൽ വെച്ച് നടന്ന വളരെ ലളിതവും മനോഹരവുമായ ഈ ചടങ്ങിൽ ഒരുപിടി അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ മോഹൻലാൽ, സുചിത്ര, ആന്റണി പെരുമ്പാവൂർ, ശാന്തി എന്നിവർ ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകൾ എന്ന സ്നേഹം നിറഞ്ഞ കുറിപ്പോടെയാണ് ശാന്തി വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

"ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചേച്ചിക്ക്, ഒരായിരം ജന്മദിനാശംസകൾ. ഒത്തിരി പ്രാർത്ഥനകളോടെ".- ആശംസകൾ നേർന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു. ആഘോഷ വേദിയിൽ '60' എന്ന് വലിയ അക്ഷരത്തിൽ ബലൂണുകൾ കൊണ്ട് എഴുതിവച്ചിരിക്കുന്നത് കാണാം. സുചിത്രയുടെ പിറന്നാൾ ആഘോഷം ഏറെ സവിശേഷമായിരുന്നുവെന്ന് ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.