മോഹൻലാൽ ഓഷോയെക്കുറിച്ചെഴുതിയ 'ഉള്ളം തൊട്ട ഉറവ' പ്രകാശനം ചെയ്തു
ദാർശനികനും മിസ്റ്റിക്കുമായ ഓഷോ രജനീഷിനെക്കുറിച്ച് നടൻ മോഹൻലാൽ എഴുതിയ കുറിപ്പുകളുടെ സമാഹാരം 'ഉള്ളം തൊട്ട ഉറവ' പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട്, ഓഷോ ശിഷ്യയായ മാ അമൃത് സാധനയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മാതൃഭൂമി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഓഷോ അറിവല്ല അനുഭവമാണെന്നും തനിച്ചാവുമ്പോഴെല്ലാം താൻ ഓഷോ ദർശനങ്ങളിൽ ആശ്രയം കണ്ടെത്താറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. താൻ ഓഷോ ശിഷ്യനല്ലെന്നും, ആരുടെയും പിന്തുടർച്ചക്കാരനാകാതെ സ്വയം മനസ്സിലാക്കാനാണ് ഓഷോ ദർശനങ്ങൾ തന്നെയ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങൾ പെരുകുന്ന ലോകത്ത് ഓഷോയുടെ ദർശനങ്ങൾ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ ബോബി ജോസ് കട്ടികാട് ആശംസാ പ്രസംഗം നടത്തി. എസ്. പ്രകാശ്, ശ്രീകാന്ത് കോട്ടയ്ക്കൽ, ഐശ്വര്യ ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.