ബോക്‌സ് ഓഫീസിൽ വിജയം കൊയ്ത് 'മൂക്കുത്തി അമ്മൻ 2- മഹാശക്തി'; ഖുശ്ബുവും സ്‌നേഹയും ഉൾപ്പെട്ട ദീപാവലി പോസ്റ്റർ പുറത്തുവിട്ടു

 

നയൻതാരയെ നായികയാക്കി സുന്ദർ സി. സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' തിയേറ്ററുകളിൽ വൻ മുന്നേറ്റം തുടരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഖുശ്ബു സുന്ദറിന്റെയും സ്‌നേഹയുടെയും ലുക്കുകൾ ഉൾപ്പെടുത്തിയ ദീപാവലി സ്‌പെഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മൂക്കുത്തി അമ്മന്റെ സഹോദരിമാരായാണ് ചിത്രത്തിൽ ഇരുവരും അഭിനയിക്കുന്നത്.

റിലീസ് ചെയ്ത രണ്ടാം ദിനമായ ശനിയാഴ്ച ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിങ് ഷോകൾക്കൊപ്പം കേരളത്തിലുടനീളം ചിത്രത്തിന് അധിക പ്രദർശനങ്ങളും ലഭിച്ചു. ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 71,750-ലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവ്വഹിച്ചിരിക്കുന്നത്.

നയൻതാരയ്ക്ക് പുറമെ ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.