ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ചരിത്രനേട്ടവുമായി കൂടുതൽ ഇന്ത്യൻ ചിത്രങ്ങൾ

 

51-ാമത് ടൊറോന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് വൻ നേട്ടം. ഇയൻ ബാവയുടെ 'സ്‌ട്രോങ് സൺ', ഡോ. റോഷൻ സേത്തിയുടെ 'ദ് സർജൻ', കാർത്തിക് സുബ്ബരാജിന്റെ 'ഡോറൊത്തി', സംജാദ് സംവിധാനം ചെയ്ത 'ഹാഫ്', തേജ റിയോയുടെ 'ആംഘ്' തുടങ്ങിയ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്തരിച്ച വിഖ്യാത സംവിധായകൻ ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' എന്ന ചിത്രത്തിന്റെ 4K പതിപ്പ് ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ലോകോത്തര ആക്ഷൻ ചിത്രങ്ങളുടെ 'മിഡ്നൈറ്റ് മാഡ്നെസ്' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രനേട്ടമാണ് അമല പോൾ, അബ്ബാസ്, രഞ്ജിത്ത് സജീവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഹാഫ്' സ്വന്തമാക്കിയത്.

ഇതിനുപുറമേ, റോഷൻ സേത്തിയുടെ 'ദ് സർജനിൽ' ഓസ്കർ ജേതാവ് മിഷേൽ യോ പ്രധാന വേഷത്തിലെത്തുമ്പോൾ, കീർത്തി സുരേഷ് നായികയാകുന്ന 'ഡോറൊത്തി' കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രമാണ്. സെപ്റ്റംബർ 10 മുതൽ 20 വരെ നടക്കുന്ന മേളയിൽ ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.