മുന്നാഭായി 3 വരുന്നു; സ്ഥിരീകരിച്ച് സംവിധായകൻ രാജ്കുമാർ ഹിരാനി

 

സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം മുന്നാഭായി എംബിബിഎസ്യുടെ മൂന്നാം ഭാഗം വരുന്നതായി സംവിധായകൻ രാജ്കുമാർ ഹിരാനി സ്ഥിരീകരിച്ചു.2003ൽ പുറത്തിറങ്ങിയ മുന്നാഭായി എംബിബിഎസ് സഞ്ജയ് ദത്ത്, അർഷാദ് വാര്‌സി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ്. തുടർന്ന് 2006ൽ പുറത്തിറങ്ങിയ ലഗേ രഹോ മുന്നാഭായിയും വൻ വിജയമായിരുന്നു.
മുംബൈയിൽ തന്റെ പുതിയ ഒടിടി സീരിസ് 'പ്രീതം പെഡ്രോ'യുടെ പ്രമോഷനിൽ പങ്കെടുക്കവേയാണ് ഹിരാനിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ തിരക്കഥ രചന സജീവമായി പുരോഗമിക്കുകയാണെന്ന് ഹിരാനി പറഞ്ഞു.

അതേസമയം വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച 'മുന്നാഭായി ചലേ അമെരിക്ക' എന്ന പ്രോജക്ട് തിരക്കഥ പൂർത്തിയാകാത്തതാണ് പ്രാവർത്തികമാക്കാൻ സാധിക്കാത്തതിനു പിന്നിലെന്ന് ഹിരാനി പറഞ്ഞു. ട്രെയിലർ ഇറക്കിയെങ്കിലും തിരക്കഥ എഴുത്ത് പൂർത്തിയാക്കാൻ സാധിച്ചില്ല.12 കോടി രൂപ ബജറ്റിൽ പുറത്തിറങ്ങിയ മുന്നാഭായി എംബിബിഎസ് 33 കോടി രൂപയാണ് നേടിയത്. ആദ്യഭാഗത്തിനു പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതോടെയാണ് 19 കോടി രൂപ ബജറ്റിൽ രണ്ടാം ഭാഗമായ ലഗേ രഹോ മുന്നാഭായി ഇറങ്ങിയത്. ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായ ചിത്രം 126 കോടി രൂപയാണ് വാരിയത്. സഞ്ജയ് ദത്ത്, അർഷാദ് വാസി എന്നിവർക്ക് പുറമെ വിദ്യാബാലൻ, ജിമ്മി ഷെർഗിൽ, ബൊമ്മൻ ഇറാനി, ദിയ മിർസ എന്നിവരും രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു