നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാനമായി ഒരുമിച്ച സിനിമ 'ഓറഞ്ച് മരങ്ങളുടെ വീട്'; റിലീസ് തീയതി പുറത്ത്
ഡോ. ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം 'ഓറഞ്ച് മരങ്ങളുടെ വീട്' ഈ മാസം 20-ന് തിയറ്ററുകളിലെത്തും. പ്രശസ്ത താരങ്ങളായ നെടുമുടി വേണുവും പി. ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് നിരവധി അംഗീകാരങ്ങൾ നേടിയ ശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകന്റെ നിർബന്ധത്താൽ നഗരത്തിലെ ഫ്ലാറ്റിൽ കഴിയേണ്ടിവരുന്ന സാമുവൽ (നെടുമുടി വേണു) എന്ന വയോധികന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. ഒരു അപകടത്തെ തുടർന്ന് ആശുപത്രിയിലാകുന്ന സാമുവൽ അവിടെനിന്ന് കൊച്ചുമകൻ സ്റ്റീവിനൊപ്പം അപ്രത്യക്ഷനാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആവിഷ്കരിക്കുന്നത്. പ്രകാശ് ബാരെ, ഗോവർദ്ധനൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തലമുറകൾ തമ്മിലുള്ള ബന്ധവും പ്രകൃതിയോടുള്ള ആത്മബന്ധവും പറയുന്ന ഒരു റോഡ് മൂവിയാണിത്. മൂവി നൊമാഡ്സ് - സിലിക്കൺ മീഡിയ എന്നിവയുടെ ബാനറിൽ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യദു രാധാകൃഷ്ണൻ ഛായാഗ്രഹണവും ഡേവിസ് മാനുവൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.