നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി വിവാദം; നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

 

നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം കോടതിയിൽ. നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു.

ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്.

പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്‍ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന പേരിലുള്ള ഡോക്യുമെന്‍ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. ഗൗതം വാസുദേവ് മേനോൻ ആയിരുന്നു ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ ഉണ്ട്. 

2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.