‘അടുത്ത സ്റ്റോപ്പ്: ദൈവത്തിന്റെ സ്വന്തം നാട്’; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിലേക്ക്

 

ബോളിവുഡ് സൂപ്പർതാരങ്ങളായ അക്ഷയ് കുമാറും വിദ്യാ ബാലനും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത സംവിധായകൻ അനീസ് ബസ്മി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഇരുവരും കേരളത്തിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

‘അടുത്ത സ്റ്റോപ്പ്: ദൈവത്തിന്റെ സ്വന്തം നാട്, മാജിക്കൽ കേരളം’ എന്ന കുറിപ്പോടെയാണ് അക്ഷയ് കുമാർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനീസ് ബസ്മി ചിത്രത്തിൽ വിദ്യാ ബാലനൊപ്പം താൻ ഒന്നിക്കുന്ന നാലാമത്തെ സിനിമയാണിതെന്നും, ഈ ഭാഗ്യകൂട്ടുകെട്ട് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിദ്യാ ബാലനുമായി കൊളാബ് ചെയ്ത് പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

നേരത്തെ 'ഹേയ് ബേബി', 'ഭൂൽ ഭുലൈയ്യ', 'മിഷൻ മംഗൾ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. കൂടാതെ, 'സിങ് ഈസ് കിങ്', 'വെൽക്കം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 15 വർഷത്തെ ഇടവേള കഴിഞ്ഞാണ് അക്ഷയ് കുമാർ സംവിധായകൻ അനീസ് ബസ്മിയുമായി വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ പേരോ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളോ നിലവിൽ പുറത്തുവിട്ടിട്ടില്ല.