ഓസ്ട്രേലിയയിൽ കുടുംബത്തിനൊപ്പം നിവിൻ പോളി; സർപ്രൈസ് നൽകി ശോഭന

 

ഓസ്ട്രേലിയൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് പ്രശസ്ത നടി ശോഭന. ബ്രിസ്ബേൻ നഗരത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ശോഭന നിവിൻ പോളിയെയും കുടുംബത്തെയും അവിചാരിതമായി കണ്ടുമുട്ടിയത്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഓസ്ട്രേലിയ സന്ദർശിക്കാൻ എത്തിയതായിരുന്നു താരം.

‘എന്നോടൊപ്പം ഇതാരാണെന്ന് നോക്കൂ’ എന്ന ആമുഖത്തോടെ ശോഭന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ നിവിൻ പോളിയുടെ ഭാര്യയെയും മകളെയും പരിചയപ്പെടുത്തിയ ശേഷമാണ് നിവിൻ വീഡിയോയിലേക്ക് പ്രത്യക്ഷപ്പെടുന്നത്. ശോഭനയുടെ പോസ്റ്റിന് താഴെ "മാഡത്തെ കാണാനായതിൽ ഏറെ സന്തോഷം" എന്ന് നിവിൻ പോളിയും കുറിച്ചിട്ടുണ്ട്.

അതേസമയം, വീഡിയോയിൽ നിവിൻ പോളിയുടെ മകനെ കണ്ട ആരാധകർ രസകരമായ കമന്റുകളുമായാണ് എത്തിയത്. 'ഇതെന്താ രണ്ട് നിവിൻ പോളിയോ', 'മകൻ അച്ഛന്റെ തനിപ്പകർപ്പാണ്', 'പിറകിൽ നിൽക്കുന്നത് ബാംഗ്ലൂർ ഡേയ്സിലെയും തട്ടത്തിൻ മറയത്തിലെയും നിവിൻ പോളിയാണോ' എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങൾ.

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങിയ 'തുടരും' എന്ന ചിത്രത്തിലാണ് ശോഭന മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവം മായ', ബി. ഉണ്ണിക്കൃഷ്ണന്റെ 'പ്രതിഛായ' എന്നിവയാണ് നിവിൻ പോളിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്' ആണ് റിലീസിനൊരുങ്ങുന്ന നിവിന്റെ പുതിയ സിനിമ.