അടുക്കളക്കാരിയായല്ല, വീട്ടിലെ ഒരംഗമായി; ഡ്രൈവര്‍ക്ക് മാത്രമല്ല, അരുണയ്ക്കും വീടുനൽകി ശ്രീനിവാസൻ
അന്തരിച്ച പ്രിയ താരം ശ്രീനിവാസന്റെ വിയോഗവാർത്തയ്ക്കിപ്പുറവും അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തെക്കുറിച്ചുള്ള കഥകൾ മലയാളി മനസ്സുകളിൽ നിറയുകയാണ്. തന്റെ ഡ്രൈവർ ഷിനോജിന് വീടു നൽകിയ വാർത്തയ്ക്ക് പിന്നാലെ, വീട്ടിൽ ആഹാരം പാകം ചെയ്തിരുന്ന അരുണ എന്ന സ്ത്രീക്കും താരം വീടു നൽകിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചന്ദ്രലേഖ രഞ്ജിത് എന്ന ബ്ലോഗർ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം ലോകമറിഞ്ഞത്. ആ വാക്കുകളിലേക്ക്:
''ഇത് അരുണേച്ചി. തൊക്കിലങ്ങാടിയില്‍ ആണ് താമസം. തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതത്തിലെ ദുര്‍ഘടവഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി ശ്രീനിവാസന്‍ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവര്‍ക്ക് രുചികരമായ ആഹാരം വച്ച് വിളമ്പി മക്കളെയും നോക്കി കഴിഞ്ഞ ആ കാലഘടത്തില്‍ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ.
അരുണേച്ചിക്ക് അദ്ദേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട്. അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെ ആണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവര്‍ ആരുമായ്‌ക്കോട്ടെ അവരെയൊക്കെ ചേര്‍ത്ത് പിടിക്കാന്‍ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജിന്റെ കുറിപ്പും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. 17 വര്‍ഷം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്. താന്‍ ചോദിക്കുക പോലും ചെയ്യാതെയാണ്, ധ്യാനിനോടും വിനീതിനോടും പറഞ്ഞ് ശ്രീനിയേട്ടന്‍ തനിക്കായി വീടൊരുക്കിയതെന്നാണ് ഷിനോജ് പറഞ്ഞത്. എവിടെ ആണെന്ന് അറിയില്ലെങ്കിലും, അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുതേ എന്നു പറഞ്ഞാണ് ഷിനോജ് കുറിപ്പ് അവസാനിപ്പിച്ചത്.