ഇനി പെൺകുട്ടികളുടെ ഊഴം; ‘വാഴ-3’ പ്രഖ്യാപിച്ച് വിപിൻ ദാസ്; സംവിധാനം വിശ്വൻ ശ്രീജിത്
മലയാള സിനിമയിൽ വലിയ ചർച്ചയായ 'വാഴ' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിപിൻ ദാസ്. ‘വാഴ-3: ബയോപിക് ഓഫ് എ ബില്ല്യൺ ഗേൾസ്’ (Vazha-3: Biopic of a Billion Girls) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെയാണ് വിപിൻ ദാസ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് സിനിമ എത്തുന്നതെന്ന സൂചനയാണ് ടൈറ്റിൽ നൽകുന്നത്.
സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാഴ ആരംഭിച്ചതെന്നും ആ പാരമ്പര്യം തുടരുമെന്നും വിപിൻ ദാസ് വ്യക്തമാക്കി. വാഴ ഫ്രാഞ്ചൈസി ആഗ്രഹിച്ചതിലും വലുതായി വളർന്നതിൽ പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. പുതിയ ഭാഗത്തിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും അടുത്ത തലമുറയിലെ പ്രതിഭകളായിരിക്കും അണിനിരക്കുക. വിപിൻ ദാസിന്റെ സംവിധാന സഹായിയായിരുന്ന വിശ്വൻ ശ്രീജിത്താണ് വാഴ-3 സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വിപിൻ ദാസ് തന്നെയാണ്.
അടുത്ത വർഷം ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരക്കഥ പൂർത്തിയാക്കിയ ശേഷം പുതിയ പ്രതിഭകൾക്കായി ഓപ്പൺ ഓഡിഷൻ നടത്തുമെന്നും വിപിൻ ദാസ് കുറിപ്പിൽ വ്യക്തമാക്കി. അങ്കിത് മേനോനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപ്പട്ടി, ആദർശ് നാരായണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യ ഭാഗങ്ങൾ നേടിയ വൻ വിജയം മൂന്നാം ഭാഗത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.