വാഹന രേഖകളിൽ മോഹൻലാലിന്റെ പേരുമാത്രം; ലഫ്റ്റനന്റ് കേണൽ, ഡോക്ടർ പദവികൾ ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്
നടൻ മോഹൻലാലിന്റെ വാഹന ആർ.സി (RC) രേഖകളിൽ പേരിനൊപ്പമുണ്ടായിരുന്ന 'ലഫ്റ്റനന്റ് കേണൽ', 'ഡോക്ടർ' എന്നീ പദവികൾ മോട്ടോർ വാഹനവകുപ്പ് ഒഴിവാക്കി. അദ്ദേഹത്തിന്റെ 'KL 07 CU 2020' നമ്പർ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലാണ് മാറ്റം വരുത്തിയത്. ആധാർ കാർഡിലെ പേരിന് സമാനമായ പേര് മാത്രമേ വാഹന രേഖകളിലും ചേർക്കാവൂ എന്ന ഔദ്യോഗിക നിർദേശത്തെ തുടർന്നാണ് ഈ തിരുത്തൽ.
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി മോഹൻലാലിന്റെ പ്രതിനിധി ആർ.ടി ഓഫിസിലെത്തിയപ്പോഴാണ് ആധാറിലെ പേരും ആർ.സിയിലെ പേരും തമ്മിൽ വ്യത്യാസമുള്ളതിനാൽ സോഫ്റ്റ്‌വേറിൽ സാങ്കേതിക തടസ്സം നേരിട്ടത്. തുടർന്ന് ആർ.സിയിലെ പേര് ആധാറിലുള്ളതുപോലെ പുതുക്കുകയായിരുന്നു.
ഇതുവരെ 'ലഫ്റ്റനന്റ് കേണൽ ഡോ. വി. മോഹൻലാൽ' എന്നായിരുന്നു വാഹന രേഖകളിൽ ഉണ്ടായിരുന്നത്. ഇത് മാറ്റി 'വിശ്വനാഥൻ നായർ മോഹൻലാൽ' എന്ന് പൂർണ്ണ രൂപത്തിലാക്കി. 2020-ൽ രജിസ്റ്റർ ചെയ്ത വാഹനത്തിലാണ് നിലവിൽ ഈ മാറ്റം വരുത്തിയത്.