പൂർണ്ണമായും ഐഫോണിൽ ചിത്രീകരിച്ച 'പഗിടകളി'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഐഫോൺ 15 പ്രോ മാക്‌സിൽ ചിത്രീകരിച്ച ശ്രദ്ധേയമായ ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം 'പഗിടകളി'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രം 'പണി'യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാദ് ഹസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 7.1 ഡോൾബി സൗണ്ട് മിക്സിങ് മികവോടെയാണ് ഒരുങ്ങുന്നത്. പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ 'അങ്കമാലി ഡയറീസ്' താരം ടിറ്റോ വിൽസൺ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ് തുടങ്ങിയവർക്കൊപ്പം നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്.
കേരളത്തിൽ നിന്ന് കാണാതായ 27 കുട്ടികളിൽ ഒരാളെ തേടിയുള്ള യാത്രയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലുടനീളം ചിത്രീകരിച്ച ഈ സിനിമ ഇതിനോടകം 80-ലധികം ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ്, ആക്ഷൻ, പോസ്റ്റർ ഡിസൈൻ എന്നിവ സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശരത് ചന്ദ്രൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത് നൊച്ചിപ്പെട്ടി തിരുമൂർത്തിയും ദിയ കരൺ ആനന്ദുമാണ്.
സാങ്കേതിക മികവിലും അവതരണത്തിലും ഏറെ പുതുമകളുള്ള 'പഗിടകളി' മാർച്ച് മാസത്തിൽ തീയേറ്ററുകളിലെത്തും. സൗണ്ട് എഫക്ട്സ് കരുൺ പ്രസാദും സൗണ്ട് എൻജിനീയറിങ് ദീപക് വർഗീസും നിർവ്വഹിച്ചിരിക്കുന്നു. എ.എസ്. ദിനേശ്, മനു ശിവൻ എന്നിവരാണ് പി.ആർ.ഒ. അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗിച്ച് കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ച ഈ പരീക്ഷണ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.