പാപ്പനും പിള്ളേരും ഇനി 100 കോടി ക്ലബ്ബിൽ; ഏഴുദിനംകൊണ്ട് 101 കോടി കളക്ഷനുമായി ‘ആട് 3’
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമായ ഷാജി പാപ്പനും സംഘവും ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' റിലീസ് ചെയ്ത് വെറും ഏഴുദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 101 കോടി രൂപയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ഇതോടെ 100 കോടി നേട്ടം കൈവരിക്കുന്ന പതിനാലാമത്തെ മലയാള ചിത്രമെന്ന ഖ്യാതി 'ആട് 3' സ്വന്തമാക്കി.
നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മലയാള താരമായി ജയസൂര്യ മാറി. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് എപ്പിക് ഫാന്റസി ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ അഞ്ചുദിനം കൊണ്ട് 90 കോടി നേടിയ ചിത്രം, എമ്പുരാന് ശേഷം ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ് നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി.
കേരളത്തിൽ നിന്ന് മാത്രം 35 കോടിയിലധികം രൂപ ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. ഗൾഫ് വിപണിയിൽ നിന്ന് മാത്രം 50 കോടിയിലധികം രൂപ കളക്ഷൻ പ്രതീക്ഷിക്കുന്നു. ജയസൂര്യയ്‌ക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിരിയും ഫാന്റസിയും നിറഞ്ഞ ഈ ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തതോടെ കേരളത്തിലെ തിയേറ്ററുകളിൽ ഷോകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഷാൻ റഹ്മാന്റെ സംഗീതവും അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ മുതൽക്കൂട്ടായി.