പാർവതി തിരുവോത്ത് പോലീസ് വേഷത്തിൽ എത്തുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം ആരംഭിച്ചു
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' സിനിമയുടെ ഷൂട്ടിംഗ് കൂത്താട്ടുകുളത്ത് ആരംഭിച്ചു. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ
ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും. കൂടാതെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.