പേട്രിയറ്റി'ന് സെന്‍സര്‍ ബോര്‍ഡിന്‍റെ കട്ട്, റീ എഡിറ്റിംഗ് പൂര്‍ത്തിയായി

 

നേരത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നാലെ ചര്‍ച്ചയില്‍ ഇത് പിന്‍വലിക്കുകയും ചെയ്തു. ഇപ്പോഴിതാ മെയ് 1 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് മറ്റൊരു തടസവും നേരിട്ടിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണ് ഇത്.

ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാവാന്‍ സാധ്യതയുള്ളതിനാല്‍ അവ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. ചിത്രത്തിലെ വില്ലന്‍റെ പേരിന് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകന്‍റെ പേരുമായി സാമ്യമുള്ളതിനാല്‍ ആ പേര് മാറ്റാനും സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചതായാണ് സൂചന. ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് ചിത്രം റീ എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ചിത്രത്തിന്‍റെ റീ എഡിറ്റിംഗ് കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് അണിയറക്കാര്‍. ഈ മാറ്റങ്ങളോടെയാവും ചിത്രം മെയ് 1 ന് തിയറ്ററുകളില്‍ എത്തുക.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ഡോ. ഡാനിയേല്‍ ജെയിംസ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാല്‍ കേണല്‍ റഹിം നായിക് ആയും ഫഹദ് ശക്തിയായും കുഞ്ചാക്കോ ബോബന്‍ മൈക്കള്‍ ദൈവസ്സിയായും എത്തുന്നു. രാജീവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.