'ജനനായകൻ'; വെട്ടിമാറ്റിയത് ടി.വി.കെ പരാമർശങ്ങൾ ഉൾപ്പെടെ 12 സീനുകൾ
മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയ് ചിത്രം 'ജനനായകന്' സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. 3 മണിക്കൂർ 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് ബോർഡ് 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. അതേസമയം, തിയേറ്റർ റിലീസിന് മുന്നോടിയായി ചിത്രത്തിലെ 12 സീനുകൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.
ഡോ. ബി.ആർ അംബേദ്കറുടെ ചിത്രം ഒരു പുസ്തകത്തിന്റെ കവറായി വരുന്ന സീനിൽ വരുത്തിയ മാറ്റം ഉൾപ്പെടെയാണ് 12 കട്ടുകൾ. ചിത്രത്തിലെ ഓഡിയോയിലും വീഡിയോയിലുമുള്ള ടി.വി.കെ (TVK) പരാമർശങ്ങളും വിവാദ ഡയലോഗുകളും പൂർണ്ണമായി നീക്കം ചെയ്തു. ദേശീയപതാക വരുന്ന ദൃശ്യങ്ങൾ, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള പരാമർശം, ഒരു കുട്ടിയെ ദ്രോഹിക്കുന്ന രംഗം എന്നിവയും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നു. കൂടാതെ ‘ഷീല റാണി’ എന്ന പേര് വരുന്ന ഭാഗങ്ങളെല്ലാം മാറ്റാനും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. മൊത്തത്തിൽ 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നീക്കാനും 10 സെക്കൻഡ് ദൃശ്യങ്ങൾ മാറ്റിസ്ഥാപിക്കാനുമാണ് നിർദ്ദേശം.
എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. ഈ വർഷം ജനുവരി 9-ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസറിങ് പ്രതിസന്ധികൾ കാരണം വൈകുകയായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിത്രം ഈ ജൂലൈ അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.