പ്രഭാസ് ചിത്രം 'ഫൗജി' ഡിസംബർ മൂന്നിന് തിയറ്ററുകളിൽ
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'ഫൗജി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ മൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
റിലീസ് തീയതി പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ടി-സീരീസ് ഫിലിംസാണ് അവതരിപ്പിക്കുന്നത്.
ചോരയിൽ കുളിച്ച്, ചുറ്റും മൃതദേഹങ്ങൾക്കിടയിൽ ഒരു പാറപ്പുറത്ത് തോക്കുമായി ഇരിക്കുന്ന പ്രഭാസിനെയാണ് പുതിയ പോസ്റ്ററിൽ കാണുന്നത്. 'ഒറ്റയ്ക്ക് പോരാടുന്ന ഒരു സൈന്യം' എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുദ്ധ പശ്ചാത്തലവും തീവ്രതയും വ്യക്തമാക്കുന്നതാണ് പോസ്റ്റർ.
'അജ്ഞാതപർവം അവസാനിക്കുന്നു, ഫൗജി 2026 ഡിസംബർ മൂന്നിന്' എന്ന കുറിപ്പോടെയാണ് പ്രഭാസ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. പിന്നാലെ 'പോരാട്ടം ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെ നിർമാതാക്കളും പോസ്റ്റർ പുറത്തുവിട്ടു.