സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി പ്രകാശ് രാജ്
നിരീശ്വരവാദിയെന്ന് എപ്പോഴും സ്വയം പരിചയപ്പെടുത്താറുള്ള ആളാണ് പ്രകാശ് രാജ്. എന്നാല്‍ അമ്മ സുവര്‍ണ്ണലതയുടെ മരണാനന്തര ചടങ്ങുകള്‍ ക്രിസ്തീയ വിശ്വാസ പ്രകാരം നടത്തി എന്നതാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയത്. പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന തരത്തില്‍ പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് പ്രകാശ് രാജ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശരിയാണ്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷേ എന്‍റെ അമ്മ അവരുടെ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. അവര്‍ക്ക് അത് നിഷേധിക്കാന്‍ ഞാന്‍ ആരാണ്? അവരുടെ വിശ്വാസം അനുസരിച്ചുള്ള അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള അവകാശം. നമ്മള്‍ അന്യോന്യം കൊടുക്കുന്ന ബഹുമാനം അതാണ്. വെറുപ്പ് വില്‍ക്കുന്ന നിങ്ങള്‍ ചെകുത്താന്മാര്‍ക്ക് അത് മനസിലാവുമോ, പ്രകാശ് രാജ് എക്സില്‍ കുറിച്ചു.
മുന്‍പ് ഒരു വേദിയില്‍ താനൊരു ദൈവവിശ്വാസിയല്ലെന്ന് പറയുന്ന വീഡിയോ ചേര്‍ത്തുള്ള വിമര്‍ശന പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് പ്രതികരണം കുറിച്ചിരിക്കുന്നത്. മാര്‍ച്ച് 29 ന് ആയിരുന്നു പ്രകാശ് രാജിന്‍റെ അമ്മ സുവര്‍ണ്ണലതയുടെ വിയോഗം. 86 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് വിയോഗം. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് വന്ന സുവര്‍ണ്ണലത പ്രകാശ് രാജിന്‍റെ ജീവിതത്തിലും വലിയ സ്വാധീനമായിരുന്നു.