ക്യാമ്പസ് ഓർമ്മകളിൽ പ്രണയമഴ പെയ്യിക്കാൻ 'പ്രേംപാറ്റ'; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ
കോളജ് എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ-ഹാസ്യ ചിത്രം 'പ്രേംപാറ്റ' നവംബർ 27-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'ആയിഷ', 'ഇ.ഡി' എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കോളജ് ജീവിതത്തിലെ സൗഹൃദവും എൻ.എസ്.എസ് ക്യാമ്പിലെ പ്രണയനിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
റിലീസിന് മുൻപ് തന്നെ മലയാള സിനിമാ ചരിത്രത്തിൽ ഇരട്ടനേട്ടങ്ങൾ കുറിക്കാൻ 'പ്രേംപാറ്റ'യ്ക്ക് സാധിച്ചു. മലയാള സിനിമയിൽ ആദ്യമായി രാജ്യാന്തര മ്യൂസിക് ലേബലായ വാർണർ മ്യൂസിക് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കുന്ന ചിത്രമെന്ന പ്രത്യേകത പ്രേംപാറ്റയ്ക്കുണ്ട്. സുഹൈൽ എം. കോയയുടെ വരികൾക്ക് അങ്കിത് മേനോൻ ഈണമിട്ട് നിഹാൾ സാദിഖ് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം 'നെഞ്ചാടിയേ...' പ്രേക്ഷകർക്കിടയിൽ തരംഗമായിട്ടുണ്ട്. ഇതിനുപുറമെ, പിന്നണി ഗായകൻ സൂരജ് സന്തോഷ് ആലപിച്ച ചിത്രത്തിലെ മറ്റൊരു ഗാനം കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ മിറാഷ് ടവേഴ്സിലുള്ള എ.എം.പി സ്റ്റുഡിയോയിലാണ് റെക്കോർഡ് ചെയ്തത്. ഇതോടെ കെനിയയിൽ റെക്കോർഡ് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമാ ഗാനമെന്ന അപൂർവ്വനേട്ടവും ചിത്രം സ്വന്തമാക്കി.
'നെഞ്ചാടിയേ...' എന്ന ഗാനത്തിൽ മുഖം മറച്ച് കണ്ണുകൾ മാത്രം കാണിച്ചാണ് നായിക പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ചിത്രത്തിലെ നായിക ആരാണെന്ന ആകാംക്ഷ സിനിമാപ്രേമികൾക്കിടയിൽ ശക്തമായിട്ടുണ്ട്. ജോമോൻ ജ്യോതിർ നായകനായെത്തുന്ന ചിത്രത്തിൽ സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് ജൂനിയർ, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവതാരങ്ങളും നാൽപ്പതോളം പുതുമുഖങ്ങളും അണിനിരക്കുന്നു.
സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് അങ്കിത് മേനോനാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് 'പ്രേംപാറ്റ' തിയേറ്ററുകളിൽ എത്തിക്കുന്നത്.