പൃഥ്വിരാജും കരീനയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം; 'ദായ്‌റ' പോസ്റ്റർ പുറത്തിറങ്ങി

 

ദേശീയ അവാർഡ് ജേതാവായ മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം 'ദായ്‌റ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 18-ന് തീയേറ്ററുകളിലെത്തും.

യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജംഗിൾ പിക്ചേഴ്‌സും പെൻ സ്റ്റുഡിയോസും ആദ്യമായി കൈകോർക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് പെൻ മരുധർ ആണ്. 'തൽവാർ', 'റാസി' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാർ ജംഗിൾ പിക്ചേഴ്‌സുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പോലീസ് ബാരിക്കേഡിന്റെ ഇരുവശങ്ങളിലായി നിൽക്കുന്ന നായക കഥാപാത്രങ്ങളെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരിൽ ഉദ്വേഗം സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക ചർച്ചകൾക്കും വഴിതുറക്കുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം.