പൃഥ്വിരാജിന്റെ 'ഖലീഫ' സെപ്റ്റംബർ 20ന് തിയേറ്ററുകളിൽ; അതിഥി വേഷത്തിൽ മോഹൻലാൽ
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഖലീഫ' സെപ്റ്റംബർ 20ന് തിയേറ്ററുകളിലെത്തും. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. പൃഥ്വിരാജും വൈശാഖും 'പോക്കിരിരാജ'യ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'.
മാളവിക ശർമ്മയാണ് നായിക. താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവർ സഹനിർമാതാക്കളാണ്.
ജോമോൻ ടി. ജോണാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവഹിക്കുന്നു. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനറും ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ആക്ഷൻ ഡയറക്ടർമാരുമാണ്.