പ്രിയന്റെ ആദ്യ സിനിമയിൽ ഞാനായിരുന്നു നായകൻ, നൂറാമത്തെ സിനിമയിലും അഭിനയിക്കാൻ ക്ഷണം; മോഹൻലാൽ

 

മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ. പ്രിയദർശൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ ആയിരുന്നു നായകൻ. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി ആദ്യ ചിത്രം. ഇപ്പോഴിതാ കരിയറിൽ 100 ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹൻലാൽ ആയിരിക്കും.

പ്രിയൻ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

'പ്രിയദർശൻ എന്നിലൂടെയാണു സിനിമയിലേക്കു വരുന്നത്. നവോദയയിലേക്ക് ഞാനാണ് പ്രിയനെ കൊണ്ടുപോകുന്നത്. അതൊരു കൂട്ടുകെട്ടായി മാറി. പ്രിയന്റെ ആദ്യ സിനിമ പൂച്ചയ്ക്കൊരു മൂക്കൂത്തിയാണ്. ഒരു മൂന്ന് സിനിമ കൂടി ചെയ്താൽ 100 സിനിമയാവും. നൂറാമത്തെ സിനിമയിൽ ഞാൻ അഭിനയിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്.

വളരെ അപൂർവമായ കാര്യമാണ്. നൂറ് സിനിമകൾ ചെയ്യുക എന്നതുതന്നെ വലിയ പ്രയാസമാണ്. ആദ്യത്തെ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തിൽ മാത്രമേ സാധിക്കൂ. മലയാള സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാൽ 2,000, 3,000 സിനിമയൊക്കെ ചെയ്ത ആർട്ടിസ്റ്റുകളുണ്ട്.

സുകുമാരി ചേച്ചി എത്ര സിനിമ ചെയ്തെന്ന് അറിയില്ല. കാമറാ ചെയ്യുന്നവരും സംവിധായകരുമുണ്ട്. ചന്ദ്രകുമാറൊക്കെ 150 സിനിമയിൽ കൂടുതൽ ചെയ്തിട്ടുണ്ട്. ഐ വി ശശി, ശശികുമാർ സാർ അങ്ങനെ പോകുന്നു ലിസ്റ്റ്. പ്രിയന്റെ കാര്യമെടുത്താൽ മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളും ചെയ്തിട്ടുണ്ട്' മോഹൻലാൽ പറഞ്ഞു.