വിജയ്‌യെക്കുറിച്ചുള്ള ചോദ്യം; വിമാനത്താവളത്തിൽ പാപ്പരാസികളെ അവഗണിച്ച് തൃഷ

 

നടൻ വിജയ്‌യെയും തന്നെയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളോട് പ്രതികരിക്കാതെ നടി തൃഷ. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തൃഷയോട്, നിർമ്മാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ വിജയ്‌ക്കൊപ്പം പങ്കെടുത്തതിനെക്കുറിച്ച് പാപ്പരാസികൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും താരം മറുപടി നൽകാൻ തയ്യാറായില്ല. നിലവിലെ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ക്യാമറകളിലേക്ക് പോലും നോക്കാതെ കേട്ടഭാവം നടിക്കാതെ താരം നടന്നുനീങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെയാണ് വിജയ്‌യും തൃഷയും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിമാറിയിരുന്നു. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജി ഏപ്രിൽ 20-ന് പരിഗണിച്ചേക്കും. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

മുൻപ് 'ലിയോ' സിനിമയുടെ വിജയ ആഘോഷ വേളയിൽ തൃഷയെ വിജയ് 'രാജകുമാരി' എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് എപ്പോഴും തനിക്ക് പ്രിയപ്പെട്ടവനാണെന്നും അദ്ദേഹം ഒരിക്കലും സംയമനം പാലിക്കാതെ പെരുമാറുന്നത് കണ്ടിട്ടില്ലെന്നും തൃഷയും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ താരം പുലർത്തുന്ന മൗനം തമിഴ് സിനിമ ലോകത്ത് വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.