ബിഗ് ബോസിൽ പോകാൻ താത്പര്യം ഉണ്ട്- രാഹുൽ ഈശ്വർ

 

 

ബിഗ് ബോസിൽ മൽസരിക്കാൻ താത്പര്യമുണ്ടെന്ന് രാഹുൽ ഈശ്വർ. അതിനൊരു അവസരം ലഭിച്ചാൽ തീർച്ചയായും അത് വിനിയോഗിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. 'ബിഗ് ബോസിൽ പോയാൽ പ്രധാനമായും പുരുഷ ആക്ടിവിസത്തെക്കുറിച്ചായിരിക്കും താൻ പ്രധാനമായും സംസാരിക്കുകയെന്നും രാഹുൽ പറയുന്നു. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

''ബിഗ് ബോസ് എനിക്ക് വലിയ താൽപര്യമുള്ള ഒരു കാര്യമാണ്. ബിഗ് ബോസിൽ വിളിച്ചാൽ തീർച്ചയായും പോകണം എന്ന് ആഗ്രഹമുണ്ട്. ബിഗ് ബോസിൽ ഇത്തവണ ഞാൻ പോകുന്നുണ്ടോ ഇല്ലയോ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ബിഗ് ബോസ് തീർച്ചയായും വലിയൊരു സ്പേസ് ആണ്. ഞാൻ 'ബിഗ് ബോസിൽ പോകുകയാണെങ്കിൽ പുരുഷ ആക്ടിവിസമായിരിക്കും ഏറ്റവുമധികം ഹൈലൈറ്റ് ചെയ്യുക. നിങ്ങൾക്കു കൂടി കേട്ടാൽ താത്പര്യം തോന്നുന്ന ഒരു കാര്യം പറയാം. അതിശക്തനായ, സാക്ഷാൽ എബ്രഹാം ഖുറേഷി എബ്രഹാമിനെ പോലും ജയിലിൽ പിടിച്ചിടുന്നത് ഒരു പെൺകുട്ടിയുടെ വ്യാജ പരാതിയിലാണ്. ലൂസിഫർ ഒന്നാം ഭാഗത്തിലെ കാര്യം പറഞ്ഞതാണ്. അത്രയും ശക്തനായ ഒരാളെ പോലും കള്ളക്കേസിൽ കുടുക്കാൻ വളരെ എളുപ്പമാണ് എന്നൊരു വസ്തുതയുണ്ട്. എബ്രഹാം ഖുറേഷിയായി അഭിനയിച്ച ലാലേട്ടനോടൊപ്പം ബിഗ്ബോസ് പോലെ വലിയൊരു പ്ലാറ്റ്ഫോമിൽ ഈ പുരുഷാവകാശ പ്രശ്നങ്ങളൊക്കെ ഉന്നയിക്കാൻ സാധിച്ചാൽ അത്തരമൊരു അവസരം വിനിയോഗിക്കുന്നതിൽ‌ എനിക്ക് സന്തോഷമായിരിക്കും. എനിക്ക് ബിഗ് ബോസ് വളരെ ഇഷ്ടവുമാണ്'', എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ മറുപടി.