ബോക്സ് ഓഫിസ് കീഴടക്കി രാജാ സാബ്; നാലു ദിവസം കൊണ്ട് നേടിയത് റെക്കോഡ് കളക്ഷൻ
മാരുതിയുടെ സംവിധാനത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ് നായകനായെത്തിയ ഹൊറർ-കോമഡി ചിത്രം 'രാജാ സാബ്' ബോക്സ് ഓഫിസിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും നാലു ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 201 കോടി രൂപയിലധികം കളക്ഷൻ നേടിക്കൊണ്ടാണ് ചിത്രം കുതിപ്പ് തുടരുന്നത്. റിലീസ് ദിനത്തിൽ തന്നെ 112 കോടിയിലധികം രൂപ നേടിക്കൊണ്ട് പ്രഭാവം അറിയിച്ച ചിത്രം വരും ദിവസങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.
തിയെറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന് കുടുംബപ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏകദേശം 450 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മലയാളി താരം മാളവിക മോഹനനാണ് നായികയായി എത്തുന്നത്. പ്രഭാസിന്റെ പ്രകടനത്തിനൊപ്പം തന്നെ ചിത്രത്തിലെ ഗ്രാഫിക്സിനും കോമഡി രംഗങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സഞ്ജയ് ദത്ത്, സമുദ്രക്കനി, ബൊമ്മൻ ഇറാനി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സാലറിന് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങിയ 'രാജാ സാബ്' അദ്ദേഹത്തിന്റെ താരമൂല്യം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന വിജയമായി മാറുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം ചിത്രം ഉടൻ തന്നെ മുന്നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.