രാമനായി രൺബീർ, രാവണനായി യഷ്, സീതയായി സായ് പല്ലവി; 'രാമായണ' ട്രെയ്‌ലർ പുറത്തിറങ്ങി
രൺബീർ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്തത്. നേരത്തെ ജൂലൈ 24-ന് പ്രഖ്യാപിച്ചിരുന്ന ട്രെയ്‌ലർ റിലീസ്, സോണി പിക്‌ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി കൈകോർത്ത് ആഗോളതലത്തിൽ വലിയ രീതിയിൽ പുറത്തിറക്കുന്നതിന്റെ ഭാഗമായി മാറ്റിവെക്കുകയായിരുന്നു. ഡൽഹിയിൽ നടന്ന 'രാമായണം: പ്രഥം സങ്കൽപ്പ്' ചടങ്ങിലും സാന്റിയാഗോ കോമിക്- കോണിലും ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്ക് മുന്നിൽ ട്രെയ്‌ലർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തുനത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെ, ഹനുമാനായി സണ്ണി ഡിയോൾ എന്നിവർക്ക് പുറമെ ശോഭന, ലാറ ദത്ത, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ, രാകുൽ പ്രീത് സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നമിത് മൽഹോത്രയുടെ പ്രൊഡക്ഷൻ കമ്പനിയായ ഡി.എൻ.ഇ.ജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധർമ പ്രൊഡക്ഷൻസ് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവലിക്ക് തിയേറ്ററുകളിലെത്തും.