റെക്കോർഡുകൾ തകർത്ത് പെയ്ഡ് പ്രിവ്യൂ; ‘സ്ത്രീ 2’വിനെ മറികടന്ന് ‘ധുരന്ധർ 2’ പ്രീ ബുക്കിങ്
ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കാൻ രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2’ ഒരുങ്ങുന്നു. റിലീസിന് 11 ദിവസം ബാക്കിനിൽക്കെ ചിത്രത്തിന്റെ പ്രീ ബുക്കിങ് കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഞായറാഴ്ച മാത്രം 80,000 ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം എട്ട് കോടി രൂപയാണ് സ്വന്തമാക്കിയത്. ശനിയാഴ്ച ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യ 24 മണിക്കൂറിനുള്ളിൽ 1.2 ലക്ഷം ടിക്കറ്റുകൾ വിറ്റുപോവുകയും 10 കോടിയിലധികം രൂപ നേടുകയും ചെയ്തിരുന്നു. ഇതോടെ ബോളിവുഡിലെ എക്കാലത്തെയും വലിയ പെയ്ഡ് പ്രിവ്യൂ റെക്കോർഡ് സ്വന്തമാക്കിയിരുന്ന ‘സ്ത്രീ 2’വിനെ (8.50 കോടി) ധുരന്ധർ 2 പിന്നിലാക്കി.
സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഇതുവരെയുള്ള ആകെ അഡ്വാൻസ് ബുക്കിങ് കലക്ഷൻ 18.11 കോടി രൂപയാണ്. റിലീസിന് മുൻപ് തന്നെ ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ആറാമത്തെ ഹിന്ദി ചിത്രമായി മാറാൻ ഇതിലൂടെ ധുരന്ധറിന് സാധിച്ചു. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ സ്പൈ ത്രില്ലറിന്റെ രണ്ടാം ഭാഗത്തിന് ‘ധുരന്ധർ- ദി റിവഞ്ച്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി മാർച്ച് 19-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.
ആദ്യ ഭാഗത്തേക്കാൾ ആക്ഷനും വൈലൻസും നിറഞ്ഞതാണ് രണ്ടാം ഭാഗമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മൂന്ന് മണിക്കൂറും 28 മിനിറ്റും ദൈർഘ്യമുള്ള ചിത്രം കാണാൻ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ‘ധുരന്ധർ’ 1300 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് വേഷമിടുന്നത്. രണ്ടാം ഭാഗവും വമ്പൻ വിജയം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.