വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീൽ: നടൻ വിക്രമിന് നോട്ടീസ്, മൃഗത്തെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
വംശനാശഭീഷണി നേരിടുന്ന അപൂർവയിനം കുരങ്ങിനൊപ്പം റീൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംഭവത്തിൽ പ്രമുഖ തമിഴ് നടൻ വിക്രമിന് തമിഴ്‌നാട് വനംവകുപ്പ് നോട്ടീസ് അയച്ചു. പുതിയ സിനിമയുടെ ചിത്രീകരണ ലൊക്കേഷനിലെത്തി നോട്ടീസ് കൈമാറിയ ഉദ്യോഗസ്ഥർ, മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ വിക്രമിന്റെ മകളുടെ ഭർതൃപിതാവും കാവിൻകെയർ ഗ്രൂപ്പ് ചെയർമാനുമായ പ്രമുഖ വ്യവസായി സി.കെ. രംഗനാഥനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. 'ലാർ ഗിബ്ബൺ' വിഭാഗത്തിൽപ്പെട്ട കുരങ്ങിന്റെ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ ഇഞ്ചംപാക്കത്തുള്ള രംഗനാഥന്റെ വസതിയിലെത്തിയ വനംവകുപ്പ് സംഘം കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡിലെ കേന്ദ്രത്തിലേക്ക് മാറ്റി.
വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതോടെ വിക്രം വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. അന്താരാഷ്ട്ര വന്യജീവി സംരക്ഷണ ഉടമ്പടിയായ 'സൈറ്റ്സ്' (CITES), ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം കടുത്ത സംരക്ഷണം അർഹിക്കുന്ന ജീവിയാണിത്. മണിപ്പൂർ വഴി തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കുരങ്ങാണിതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക സംശയം.