മലയാള സിനിമയിലെ സ്ഥിരം 'എസ്.ഐ'; നടൻ രാജശേഖരൻ അന്തരിച്ചു, ആദരമർപ്പിച്ച് മമ്മൂട്ടി

 

മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ സ്വഭാവ നടൻ രാജശേഖരൻ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ പോലീസ് ഇൻസ്പെക്ടർ വേഷങ്ങൾ കൈകാര്യം ചെയ്ത നടന്മാരിൽ ഒരാളായ ഇദ്ദേഹം സിനിമാലോകത്ത് 'എസ്.ഐ രാജശേഖരൻ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എൺപതുകൾ മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന അദ്ദേഹം വില്ലൻ വേഷങ്ങളിലും പോലീസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങി. പ്രശസ്ത സംവിധായകൻ ജോഷിയുടെ ചിത്രങ്ങളിലെ ഒരു സ്ഥിരസാന്നിധ്യം കൂടിയായിരുന്നു രാജശേഖരൻ. 100-ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

'സന്ദർഭ'ത്തിലെ പോലീസ് ഇൻസ്പെക്ടർ, 'രാജാവിന്റെ മകനി'ലെ ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായിയായ സാബു, 'വഴിയോരക്കാഴ്ചകളി'ലെ ഡോക്ടർ, 'മുദ്ര'യിലെ ജുവനൈൽ ഹോമിലെ പോലീസ് കോൺസ്റ്റബിൾ, 'നായർ സാബി'ലെ ഉലഹന്നാൻ, 'സേതുരാമയ്യർ സിബിഐ'യിലെ ജയിലർ രാജു, 'താപ്പാന'യിലെ പോലീസ് ഇൻസ്പെക്ടർ എന്നിവ അദ്ദേഹം മികച്ചതാക്കിയ വേഷങ്ങളിൽ ചിലതാണ്.

കൂടാതെ നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2015-ൽ പുറത്തിറങ്ങിയ 'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യിലാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയിലെത്തിയത്. സിനിമകൾക്ക് പുറമെ നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു. രാജശേഖരന്റെ നിര്യാണത്തിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു. "നടൻ എസ്.ഐ രാജശേഖരന് ആദരാഞ്ജലികൾ" എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.