റിവ്യൂ ബോംബിങ് ഗുരുതര ഭീഷണി; സിനിമാ മേഖലയിലെ പ്രശ്‌നങ്ങളിൽ കേന്ദ്ര ഇടപെടൽ ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി
സിനിമാ വ്യവസായം നേരിടുന്ന വ്യാജപതിപ്പ് (പൈറസി), ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വെല്ലുവിളികൾ, റിവ്യൂ ബോംബിങ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ സിനിമാ നിർമാതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയിൽ ഹൈദരാബാദിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് കൊച്ചിയിലും യോഗം ചേർന്നത്.
സിനിമാ മേഖലയിലെ ആശങ്കകൾ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് ലഭിച്ചയുടൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും തുടർനടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുമെന്നും മന്ത്രി പറഞ്ഞു. പൈറസി ശൃംഖലകൾ ഇന്ന് അതീവ സങ്കീർണ്ണമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തും. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നത് കാരണം നിർമാതാക്കൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാജപതിപ്പുകൾ പോലെ തന്നെ സിനിമാ വ്യവസായത്തിന് വലിയ ഭീഷണിയാണ് റിവ്യൂ ബോംബിങ്ങും യൂട്യൂബുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവ തടയാൻ ശക്തമായ നിയമ നിർമ്മാണവും അത് നടപ്പാക്കാനുള്ള ദൃഢനിശ്ചയവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള ചോദ്യത്തിന്, സംഘടനകളിലെ തർക്കങ്ങൾ സ്വാഭാവികമാണെന്നും സിനിമാ മേഖലയിലെ പ്രശ്നങ്ങൾ കാലക്രമേണ തനിയെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.