എന്ത് 'അഡ്ജസ്റ്റ്‌മെൻറ്' ആണ്, പൈസ ആണോന്ന് ഞാൻ ചോദിച്ചു; പിന്നെ വിളിച്ചില്ല: സാധിക പറയുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ചലച്ചിത്രമേഖലയിൽനിന്നു നിരവധി തുറന്നുപറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സാധിക വേണുഗോപാൽ പറഞ്ഞത് എല്ലാവരിലും നടുക്കമുണ്ടായി.
സാധിക പറഞ്ഞത്,
പല രീതിയിലാണ് ആ 'കാര്യങ്ങൾ' ചോദിക്കുന്നത്. ചിലർക്ക് ഇതിനെപ്പറ്റി ചോദിക്കാൻ മടിയുണ്ടാവും. അവർ അഡ്ജസ്റ്റ്മെൻറിനു തയാറുണ്ടോ എന്നാണു ചോദിക്കുക. ഒരിക്കൽ എനിക്കങ്ങനെ കോൾ വന്നിരുന്നു. എന്ത് അഡ്ജസ്റ്റ്മെൻറാണ് ചേട്ടാ വേണ്ടത് പൈസ ആണോന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു.. അങ്ങനെ അല്ല, പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് ചോദിച്ചു... വേണമെങ്കിൽ പൈസ കുറച്ചു തന്നാൽ മതി. വർക്ക് ചെയ്യാൻ ആഗ്രഹമുള്ളതു കൊണ്ടാണല്ലോ.
പക്ഷേ അവർക്ക് പൈസ എത്രയായാലും പ്രശ്നമില്ല. മറ്റ് ആവശ്യങ്ങൾ നടന്നാൽ മതി. നമ്മളെ അഭിനയിക്കാൻ വിളിച്ച് ഡേറ്റും ബാക്കി കാര്യങ്ങളും എല്ലാം തീരുമാനിക്കും. ഏറ്റവും അവസാനമാണ് ഈ ഒരു കാര്യം ചോദിക്കുക. അതുനടക്കില്ല എന്നാകുമ്പോൾ നമ്മളെ മാറ്റും. അതാണ് ഏറ്റവും വലിയ സങ്കടം. ഡേറ്റ് കൊടുത്തതിനു ശേഷം അവർക്ക് ഇഷ്ടമുള്ള ആളുകൾ വന്നാൽ അവസാന നിമിഷം നമ്മളെ മാറ്റിക്കളയും.
പിന്നെ ഒരാൾ വിളിക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഉണ്ടാവുക ഇതാണ്. സിനിമകളിൽ മാത്രമല്ല മറ്റു പല മേഖലകളിലും ഇതു നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ടും അഡ്ജസ്റ്റ്‌മെൻറ് ചോദിച്ച ആളുകളുണ്ട്. അതിൻറെ ഓണർക്ക് ഇത്തിരി താല്പര്യമുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്. അങ്ങനെ താല്പര്യമുള്ളവരെ കൊണ്ട് നിങ്ങൾ അതു ചെയ്തോ എനിക്ക് താല്പര്യമില്ലെന്നു ഞാൻ തിരികെ പറഞ്ഞു. ഉദ്ഘാടനത്തിൽ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും 'അഡ്ജസ്റ്റ്‌മെൻറ്' ഉണ്ടോ എന്നു ചോദിക്കുന്നവരുണ്ട്. -സാധിക പറഞ്ഞു.