സംഗീത് പ്രതാപും മമിത ബൈജുവും ഒന്നിക്കുന്ന റൊമാന്റിക് കോമഡി; 'ഹലോ ഡിയർ' പുതിയ പോസ്റ്റർ പുറത്തുവിട്ടു

 

യുവനിരയിലെ ശ്രദ്ധേയ താരങ്ങളായ സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ ഡിയർ' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം 2027 ജനുവരി 29-നാണ് തിയേറ്ററുകളിലെത്തുന്നത്.

കൈയ്യിൽ ചായക്കപ്പുമേന്തി ഒരു ഗോവണിപ്പടിയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിന്റെയും മമിതയുടെയും കൗതുകമുണർത്തുന്ന ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്. നേരത്തെ പുറത്തുവിട്ട അപ്‌ഡേറ്റുകൾ പോലെ തന്നെ സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് ഈ പോസ്റ്ററും. സിനിമയിലുടനീളം ഇതേ 'ഹാപ്പി മൂഡ്' പ്രതീക്ഷിക്കാമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് 'ഹലോ ഡിയർ' ഒരുക്കിയിരിക്കുന്നത്. ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങൾക്കൊപ്പം കഥാഗതിയിൽ നിർണ്ണായകമാകുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളും ചിത്രത്തിലുണ്ട്. സംഗീത് പ്രതാപ്, മമിത ബൈജു എന്നിവർക്ക് പുറമേ സുരേഷ് കൃഷ്ണയും മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്. അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിമിഷ് എം. താനൂർ (കലാസംവിധാനം), റോണക്സ് സേവ്യർ (മേക്കപ്പ്), മഷർ ഹംസ (കോസ്റ്റ്യൂം ഡിസൈൻ), വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ. അരുൺ ഡി. ജോസ് ആണ് കോ-പ്രൊഡ്യൂസർ. സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.