ദൃശ്യം 3: പുതിയ ഒടിടി കരാറുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ വിലക്ക്; ആമസോൺ പ്രൈമിന്റെ ഹർജിയിൽ നടപടി
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 3-ന്റെ മൂന്നാം കക്ഷി ഒടിടി കരാറുകൾ ഉണ്ടാക്കുന്നതിന് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന് ഡൽഹി ഹൈക്കോടതിയുടെ വിലക്ക്. ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഈ താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ആമസോൺ പ്രൈം വീഡിയോയുടെ മാതൃകമ്പനിയായ ആമസോൺ സെല്ലർ സർവീസസ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ദൃശ്യം പരമ്പരയിലെ ഭാവി ചിത്രങ്ങളുടെ സ്ട്രീമിങ് അവകാശം തങ്ങൾക്കാണെന്ന് 2020-ൽ നിർമ്മാതാക്കളുമായി ഒപ്പിട്ട കരാറിൽ വ്യവസ്ഥയുണ്ടെന്ന് ആമസോൺ പ്രൈം കോടതിയിൽ വാദിച്ചു. മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമുമായി നിർമ്മാതാക്കൾ ചർച്ച നടത്തുന്നുവെന്ന് മനസ്സിലാക്കിയ ആമസോൺ, കരാർ പാലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശിർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഈ വാദങ്ങൾ പ്രാഥമികമായി അംഗീകരിച്ച കോടതി, കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ മറ്റൊരു പ്ലാറ്റ്‌ഫോമുമായും ദൃശ്യം 3-ന്റെ സ്ട്രീമിങ് കരാറിൽ ഏർപ്പെടരുതെന്ന് ഉത്തരവിട്ടു.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം 3 ഈ വർഷം മേയ് മാസത്തിലാണ് തിയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഡിജിറ്റൽ അവകാശത്തെ ചൊല്ലിയുള്ള ഈ നിയമതർക്കം സിനിമയുടെ റിലീസിനെയോ ഓൺലൈൻ സ്ട്രീമിംഗിനെയോ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. നിലവിൽ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ ഹൈക്കോടതിയുടെ അടുത്ത ഉത്തരവിന് വിധേയമായിരിക്കും.