ജനനായകൻ റിലീസിന് തിരിച്ചടി; മദ്രാസ് ഹൈക്കോടതി സ്റ്റേ അനുവദിച്ചു, ചിത്രം പൊങ്കലിന് എത്തില്ല

 

വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിന് മദ്രാസ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് മഹീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൺ മുരുഗൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവിട്ടത്. സെൻസർ സർട്ടിഫിക്കറ്റിൽ കൃത്യമായ തീരുമാനമെടുക്കാൻ ബോർഡിന് മതിയായ സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നേരത്തെ, ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡിന്റെ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ഇപ്പോൾ സ്റ്റേ അനുവദിച്ചിരിക്കുന്നത്. പൊങ്കൽ അവധിക്കുശേഷം ജനുവരി 21-ന് കേസ് വീണ്ടും പരിഗണിക്കും. ഇതോടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തില്ലെന്ന് ഉറപ്പായി.

വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വലിയ ചിത്രമായതിനാൽ 'ജനനായകൻ' വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തിലെ ഡയലോഗുകളും സീനുകളും സെൻസർ ബോർഡ് തടഞ്ഞതിനെ തുടർന്നാണ് നിയമപോരാട്ടം ആരംഭിച്ചത്. 21-ലെ കോടതി വിധിക്ക് ശേഷമേ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയുടെ കാര്യത്തിൽ തീരുമാനമാകൂ.