ആക്ഷൻ വിസ്മയവുമായി ഷാജി കൈലാസിന്റെ 'വരവ്'; സെക്കൻഡ് ലുക്ക് പുറത്ത്

 

മലയാളത്തിന്റെ ആക്ഷൻ ഡയറക്ടർ ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'വരവ്' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജുവിന്റെ തീപാറും നോട്ടം ഉൾപ്പെടുത്തിയുള്ള മാസ് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ 'പോളച്ചൻ' എന്ന കരുത്തുറ്റ കഥാപാത്രമായാണ് ജോജു എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും പ്രമേയമാകുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടൈനറാണ്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മലയാളത്തിന്റെ ആക്ഷൻ റാണി വാണി വിശ്വനാഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രമുഖരായ ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എ.കെ. സാജനാണ് 'വരവി'ന്റെയും രചന നിർവഹിച്ചിരിക്കുന്നത്.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന് സാം സി.എസ് ആണ് സംഗീതം നൽകുന്നത്. മൂന്നാർ, വാഗമൺ, തേനി തുടങ്ങിയ ലൊക്കേഷനുകളിലായി 98 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വരവ്' മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.