ഷാജി പാപ്പന്റെ പടയോട്ടം; 100 കോടി കടന്ന് 'ആട് 3'; 25 ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം
മലയാള സിനിമയിൽ ഷാജി പാപ്പനും സംഘവും സൃഷ്ടിച്ച തരംഗം ആഗോള തലത്തിൽ വൻ വിജയമായി മാറുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ 119 കോടി രൂപയുടെ ആഗോള കളക്ഷൻ സ്വന്തമാക്കി. മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി ഇന്നും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. മലയാളത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന 14-ാമത്തെ ചിത്രമെന്ന ബഹുമതിയും 'ആട് 3' സ്വന്തമാക്കി.
ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. കേരളത്തിൽ നിന്ന് മാത്രം 51 കോടിയിലധികം രൂപ നേടിയ ചിത്രം, വിദേശ വിപണികളിൽ നിന്ന് 60 കോടിയോളമാണ് സമാഹരിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിനും കാവ്യ ഫിലിം കമ്പനിക്കും ഈ ചിത്രം വലിയ സാമ്പത്തിക നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ് തുടങ്ങി വൻ താരനിര അണിനിരന്ന ഈ എപ്പിക് ഫാൻ്റസി ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്നു.
മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ആദ്യ പത്ത് ചിത്രങ്ങളുടെ പട്ടികയിലേക്കുള്ള കുതിപ്പിലാണ് 'ആട് 3' ഇപ്പോൾ. ഷാജി പാപ്പന്റെയും പിള്ളേരുടെയും തമാശകളും ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന് വലിയ കരുത്തായി. ആദ്യ ഭാഗം വലിയ വിജയമായതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.