ഷെയ്ൻ നിഗത്തിന്റെ 25-ാം ചിത്രം ഒടിടിയിലേക്ക്
ഷെയ്ന്‍ നിഗത്തിന്‍റെ കരിയറിലെ 25-ാം ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ബള്‍ട്ടി. പേര് സൂചിപ്പിക്കുന്നതുപോലെ കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്പോര്‍ട്‍സ് ആക്ഷന്‍ ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ആര്‍ഡിഎക്സിന് ശേഷം ഷെയ്ന്‍ അഭിനയിക്കുന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രം എന്നതും പ്രത്യേകതയായിരുന്നു. കേരള- തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും പോന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണം ചിത്രം നേടിയിരുന്നു.
ബള്‍ട്ടിയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. സോണിലിവിലൂടെയാണ് ബള്‍ട്ടി ഒടിടിയില്‍ എത്തുക. ജൂലൈ 10 മുതലാണ് ബള്‍ട്ടി ഒടിടിയില്‍ സ്‍ട്രീം ചെയ്യുക. ഒടിടിയില്‍ ബള്‍ട്ടി ക്ലിക്കാകും എന്നാണ് ഷെയ്‍ൻ നിഗത്തിന്റെ ആരാധകരുടെ പ്രതീക്ഷ.
വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ്. ഷെയിൻ നിഗത്തിനു പുറമെ വിവിധ മേഖലകളിൽ പ്രമുഖരായ പലരും ഈ ചിത്രത്തിലുണ്ട്. സൈക്കോ ബട്ടർഫ്‌ളൈ സോഡാ ബാബു എന്ന കഥാപാത്രമായി സംവിധായകൻ അൽഫോൻസ് പുത്രൻ എത്തുമ്പോൾ ഭൈരവനായി എത്തുന്നത് തമിഴിലെ പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ സെൽവരാഘവനാണ്. സാനി കായിദത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ സെൽവരാഘവൻ ആദ്യമായി മലയാളത്തിൽ എത്തുമ്പോൾ അതിലും മികച്ച പ്രകടനം ഉറപ്പു നൽകുന്ന വേഷമാണ് ലഭിച്ചിരിക്കുന്നത്.