ഷെയ്ൻ നിഗം ചിത്രം ദൃഢം വെള്ളിയാഴ്ച തിയേറ്ററുകളിൽ
ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ‘ദൃഢം’ മേയ് എട്ടിന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഒരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ ഏറെ ആത്മവിശ്വാസത്തോടെ ചുമതലയേൽക്കുന്ന വിജയ് രാധാകൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന സംഭവബഹുലമായ പ്രശ്നങ്ങളാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. 'കൊറോണ പേപ്പേഴ്സ്', 'വേല' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ, സാനിയ ഫാത്തിമ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പി.എം. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ്. വിനായക് ആണ് എഡിറ്റർ.