ഷറഫുദീൻ-കല്യാണി പണിക്കർ ചിത്രം 'മധുവിധു' ഏപ്രിൽ 23-ന് തിയേറ്ററുകളിലേക്ക്

 

ഷറഫുദീനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന 'മധുവിധു' റിലീസിന് തയ്യാറെടുക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 23-ന് തീയേറ്ററുകളിലെത്തും. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ ചേർന്നാണ് ചിത്രം സഹനിർമ്മാണം നിർവ്വഹിക്കുന്നത്.

'മധുര മനോഹര മോഹം', 'പെറ്റ്‌ ഡിറ്റക്ടീവ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്‌കുമാർ, ശ്രീജയ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. 'പൊന്മാൻ', 'ഗഗനചാരി' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സമ്മാനിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മനോഹരമായ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'മധുവിധു' ഏപ്രിൽ മാസത്തിലെ പ്രധാന റിലീസുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കല്യാണി പണിക്കരുടെ ബിഗ് സ്‌ക്രീൻ പ്രവേശനത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.