ദുൽഖർ ചിത്രത്തിൽ തീപ്പൊരി ലുക്കിൽ ശ്രുതി ഹാസൻ; 'ആകാശംലോ ഒക താര'യിലെ പുതിയ പോസ്റ്റർ പുറത്ത്

 

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പുറത്തുവിട്ട പോസ്റ്ററിൽ 'രോഹിണി' എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ‘സ്വപ്നങ്ങൾക്ക് തീ കൊളുത്തുന്ന ഒരു സ്പാർക്ക്’ എന്ന വിശേഷണത്തോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ശക്തമായ വേഷത്തിലാണ് ശ്രുതി ഹാസൻ അഭിനയിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.